രണ്‍ബീര്‍ കപൂറിനെ രാമനായി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നറിയില്ല: സുനില്‍ ലാഹ്‌റി

80 കളിലെ രാമാനന്ദ് സാഗറിന്റെ രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിച്ച നടനാണ് സുനില്‍ ലാഹ്‌റി
രണ്‍ബീര്‍ കപൂറിനെ രാമനായി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നറിയില്ല: സുനില്‍ ലാഹ്‌റി
Published on

സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ എന്ന ചിത്രത്തിന് ശേഷം നിതീഷ് തിവാരിയുടെ രാമായണത്തില്‍ രാമനായി അഭിനയിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍. അതിനിടെ രണ്‍ബീര്‍ രാമനായി എത്തുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന സീരിയല്‍ നടന്‍ സുനില്‍ ലാഹ്‌റി. 80 കളിലെ രാമാനന്ദ് സാഗറിന്റെ രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിച്ച നടനാണ് സുനില്‍ ലാഹ്‌റി. അനിമല്‍ എന്ന വൈലന്റ് ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ രാമനായി രണ്‍ബീറിനെ സ്വീകരിക്കുമോ എന്നറിയില്ലെന്നാണ് സുനില്‍ ലാഹ്‌റി പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു പ്രതികരണം. 

'പോസ്റ്ററില്‍ നിന്ന് രണ്‍ബീറിന്റെ ലുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ രണ്‍ബീര്‍ നല്ല സ്മാര്‍ട്ട് ആയതുകൊണ്ട് തന്നെ ആ റോളില്‍ അയാള്‍ പെര്‍ഫെക്റ്റ് ആയിരിക്കും. പക്ഷെ പ്രേക്ഷകര്‍ രാമനായി രണ്‍ബീറിനെ എത്രത്തോളം സ്വീകരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്ക് തോന്നുന്നത് വലിയൊരു ഇമേജില്ലാത്ത വ്യക്തിയെ രാമനാക്കുന്നതാണ് നല്ലതെന്നാണ്. രണ്‍ബീര്‍ ഒരു മികച്ച നടനാണെന്നതില്‍ സംശയമില്ല. ആ കഥാപാത്രത്തോട് രണ്‍ബീര്‍ നീതി പുലര്‍ത്തുമെന്നും ഉറപ്പാണ്. എന്നിരുന്നാല്‍ പ്രേക്ഷകരുടെ കാഴ്ച്ചപാട് നമുക്ക് മാറ്റാന്‍ സാധിക്കില്ലല്ലോ. രണ്‍ബീറിന്റെ അയാള്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളെ പൊളിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് അനിമല്‍ പോലൊരു സിനിമ ചെയ്തതിന് ശേഷം പ്രേക്ഷകര്‍ക്ക് രാമനായി രണ്‍ബീറിനെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകും', സുനില്‍ ലാഹ്‌റി പറഞ്ഞു. 

അതേസമയം രാമായണത്തില്‍ രണ്‍ബീറിനൊപ്പം സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ആദ്യം ആലിയ ഭട്ടായിരുന്നു സീതയുടെ കഥാപാത്രം ചെയ്യാനിരുന്നത്. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് അത് ചെയ്യാന്‍ സാധിക്കാതെ വരുകയായിരുന്നു. തെന്നിന്ത്യന്‍ താരം യഷ് ആണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. ലാറാ ദത്ത്, സണ്ണി ഡിയോള്‍ എന്നിവരും രാമായണത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com